ഗ്രാമ വികസന വകുപ്പിലെ ബ്ലോക്ക് തലത്തിൽ നമ്മുടെ വകുപ്പിൽ നിന്നും ജോലി ചെയുന്ന എക്സ്റ്റൻഷൻ ഓഫീസർ (പ്ലാനിംഗ് & മോണിറ്ററിങ്) എന്ന തസ്‌തിക ആസൂത്രണത്തിലും പദ്ധതി ആവിഷ്കരണത്തിലും സ്ഥിതി വിവരകണക്ക് വകുപ്പിന്റെ ആവശ്യം എടുത്തു കാട്ടുന്ന ഒന്നാണ്. എന്നാൽ നിർഭാഗ്യ വശാൽ പ്രസ്തുത തസ്തികയുടെ ചുമതലകളും കർത്തവ്യങ്ങളും കൃത്യമായി നിർവചിക്കാതിരുന്നത് പ്രസ്തുത തസ്തികയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആത്മവീര്യം ചോർത്തുന്ന സാഹചര്യം ഉണ്ടാകുന്നതിനു കാരണമായി. ബ്ലോക്കിലെ എല്ലാ ജോലികളും എക്സ്റ്റൻഷൻ ഓഫീസർ (പ്ലാനിംഗ് & മോണിറ്ററിങ്) ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നുള്ളത്പരാമർത്ഥമാണ്.
മേൽ സാഹചര്യം എക്സ്റ്റൻഷൻ ഓഫീസർ (പ്ലാനിംഗ് & മോണിറ്ററിങ്) എന്ന തസ്‌തിക ഗ്രാമ വികസന വകുപ്പിൽ വേണ്ട എന്ന് ധനവകുപ്പിൽ നിന്ന് ശിപാർശ മുന്നോട്ടു വായിക്കപ്പെടുന്ന അവസ്ഥയിൽ എത്തിച്ചു. ഒറ്റയടിക്ക് നമ്മുടെ വകുപ്പിന്റെ 150 ലധികം തസ്തികകൾ നഷ്ടപെടുന്ന അവസ്ഥ.
മേൽ സാഹചര്യത്തിൽ പ്രസ്തുത തസ്തികയിൽ ജോലി ചെയ്തിരുന്ന ESTSO സംസ്ഥാന ഭാരവാഹികളും അംഗങ്ങളും ആത്മവീര്യത്തോടെ ഒത്തു ചേരുകയും എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ചർച്ച ചെയ്യുകയും ചെയ്തു. തസ്തികയുടെ ചുമതലകളും കർത്തവ്യങ്ങളും കൃത്യമായി നിർവചിക്കാതെ പ്രസ്തുത തസ്‌തിക ആവശ്യമാണെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്ന ബോധ്യത്തിൽ നിന്ന് മുപ്പതു വർഷത്തോളം മുന്പ് രൂപം കൊണ്ട, നിലവിൽ കാലഹരണപ്പെട്ട ജോബ് ചാർട്ട് എത്രയും വേഗം പുതുക്കേണ്ടതിന്റെയും അതിനു അംഗീകാരം നേടേണ്ടത്തിന്റെയും ആവശ്യകത മനസ്സിലായി. അതിനായി 2016 മുതലുള്ള സംസ്ഥാന കമ്മിറ്റി നേരിട്ടും, ഉമ്മർ ഫാറൂഖ്, എ വി പ്രദീപ്, ഉണ്ണികൃഷ്ണൻ, ഹബീബുള്ള, മുഹമ്മദ് അമീൻ തുടങ്ങി ഒട്ടനവധി വ്യക്തികളും കൂട്ടായും ഒറ്റക്കും സംഘടനയുടെ കൊടികീഴിൽ അണിനിരന്നു പ്രവർത്തിച്ചതിനു ഫലപ്രാപ്തി കൈവന്നിരിക്കുന്നു.
ഗ്രാമ വികസന കമ്മീഷണറുടെ സർക്കുലർ നം 6555/ പി എം 2/ 17/ഡി ർ ഡി തി. 24/03 /2018 പ്രകാരം തസ്തികയുടെ ചുമതലകളും കർത്തവ്യങ്ങളും കൃത്യമായി നിർവചിച്ച് ഉത്തരവ് വന്നിരിക്കുന്നു. അസിസ്റ്റന്റ് പ്ലാൻ കോഓർഡിനേറ്റർ എന്ന സ്ഥാനത്തേക്ക് എക്സ്റ്റൻഷൻ ഓഫീസർ (പ്ലാനിംഗ് & മോണിറ്ററിങ്) ഉയർത്തപ്പെട്ടിരിക്കുന്നു.
മറ്റു വകുപ്പുകളിൽ ജോലി ചെയ്യുന്ന നമ്മുടെ ജീവനക്കാർ ഇതൊരു വിജയവും വികാരവുമായി കണ്ടു അതാതു തസ്തികകളുടെ ജോബ് ചാർട്ട്ഉണ്ടാക്കുന്നതിന് മുന്നോട്ടു വരേണ്ടതാണ്. സംഘടനയുടെ എല്ലാ വിധ പിന്തുണയും ആയതിനു ഉണ്ടാകുന്നതാണ്.